Saturday, August 1, 2009

കനലില്‍ തിരഞ്ഞത്....(1999)

നീ - രാത്രിയിലെ മഞ്ഞ്.
ഒരു പകലിനെ മുഴുവന്‍ മോഹിപ്പിച്ചത്‌ എന്തിനായിരുന്നു?
എരിഞ്ഞു തീര്‍ന്ന പകലിനു ഉറഞ്ഞു പോയ,
സ്വപ്‌നങ്ങള്‍ മാത്രം ബാക്കി..
നീ - പെയ്തു തോരാത്ത മഴയായിരുന്നു അവന്..
ഉച്ച സൂര്യന്റെ കൊടുംജ്വലകളില്‍ ഉരുകാന്‍; പക്ഷെ
നീ അവനെ തനിച്ചാക്കിയെന്നോ?
പ്രണയം കൊഴുക്കാന്‍ ലിഖിതങ്ങള്‍ക്ക്
ചോരയുടെ ചുവപ്പ് നീ നല്കി..
പഴകിയാല്‍ അത് കറയായി പോകുമെന്ന്
അവന്‍ ഓര്‍ത്തു കാണില്ല..
നീ - ഒരു നിശാപുഷ്പം.
ആ ഇതളുകള്‍ വിരിയുന്നതും കാത്ത്
ഉറക്കമിളച്ചിരുന്ന അവന്‍റെ കണ്ണില്‍ പ്രതീക്ഷയുടെ
തിളക്കം ഞാന്‍ കണ്ടിരുന്നു..
പക്ഷെ പാതിമാത്രം വിടര്‍ന്ന ദലങ്ങളില്‍ നിന്നെ മാത്രം കണ്ടില്ല;അവന്‍
മുഖം മറച്ചതു കരയാന്‍ വേണ്ടി ആയിരുന്നു..
അവന്‍ - നിലമറന്ന്ആടി ആഴിതീന്ടിയ പെരില്ലാതെയ്യം
പാദം വെന്ത് പടിയിറങ്ങിപ്പോയ കോമാളിക്കോലം ..
നീ സ്വാദോടെ തിന്ന ഇറച്ചിക്കഷ്ണം,
ഇടനെഞ്ചിലെ കനലില്‍ അവന്‍ ചുട്ടെടുത്ത തന്റെ ഹൃദയമായിരുന്നു..
അറുത്തെടുത്ത അണിവിരലില്‍ നിന്നും നിന്റെ സ്നേഹസാക്ഷ്യം
അവന്‍ തുടച്ചെടുത്തു...
ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുന ഒറ്റയടിപ്പാതയില്‍
അതിന്റെ തിളക്കം അവന് വെളിച്ചം നല്‍കട്ടെ..