Sunday, November 27, 2016

നിഴൽക്കുത്ത്

നിഴൽക്കുത്ത്..


നിഴലുകളെ ഭയന്ന് ഇരുട്ടിന്റെ വീട്ടിൽ
കറുത്ത ചായം തേച്ച ചുവരിന്റെ
അരികിൽ ഞാൻ നില്പുണ്ട്.
അടച്ച കണ്ണുകൾ
കറുത്ത വസ്ത്രം
കാൽച്ചുവട്ടിൽ ,കരിഞ്ഞ മുല്ലപ്പൂക്കൾ.
വെളിച്ചത്തിന്റെ വാതിൽ ഇനി തുറക്കേണ്ട.
ഞാൻ പറഞ്ഞല്ലോ ,നിഴലുകൾ,
എനിക്കവയെ ഭയമാണെന്ന്.
എങ്കിലും ഇരുട്ടിനെ കീറി
ഒച്ചയില്ലാതെ വന്ന്
വെളുത്തു പോയ മുടിയിൽ വിരലോടിച്ച്
ഇരുളായലിഞ്ഞ കൈകൾ,
നീ..
കറുത്ത ചായം തേച്ച ചുവരിന്റെ
അരികിൽ,
ഞാൻ..
Friday, May 1, 2015

അകം പുറം

അകം പുറം
............................

ഇത് അകം ..ഇത് പുറം...
അകം വീണാൽ ഞാൻ പോലീസ്  ,നീ കള്ളൻ
പുറം വീണാൽ നീ പോലീസ്.
മുകളിലേക്ക് ഞാനെറിഞ്ഞ കാട്ട് പച്ചയുടെ
ഇലകളൊന്നും ഇന്നോളം താഴേയ്ക്ക്
വന്നില്ല..
കരിഞ്ഞുപോയ ഇലകൾക്ക്
അകവുമില്ല പുറവുമില്ല.
തീപ്പൊള്ളലിന്റെ വടുക്കൾ മാത്രം
കള്ളനോ പോലീസോ എന്നറിയാതെ
ഞങ്ങൾ പുളിമരച്ചോട്ടിൽ
അകം പുറം വെന്ത് നിന്നു.

Tuesday, April 28, 2015
കുഴിക്കാലായില്‍ ചിക്കന്‍ സെന്‍ററിലെ
അരിപ്രാവുകൾ


------------------------------------------------------------------------------------------------------------------------------


കുഴിക്കാലായില്‍ ചിക്കന്‍ സെന്‍ററില്‍
അരിപ്രാവുകളൊണ്ട്
കറുത്തതും വെളുത്തതുമല്ലാത്തവ
കലപില കാറിച്ചകള്‍ക്കിടേന്ന്‍ കണ്മതിച്ച്
കോഴിയെ പിടിക്കും.
കട്ടിതൂക്കം തൂക്കി കോഴിക്കാലില്‍ പിരിയൻ
കയര്‍ ഞാത്തി ത്രാസ്സേല്‍ കൊരുത്ത്
കിലോക്കണക്ക് പറയും.
എടാ ബേ നീയോ?? എന്ന കോഴിക്കരച്ചില്‍
ഗൌനിക്കാതെ കഴുത്ത് കശക്കി
തക്കാളി പെട്ടിയിലേക്ക്
പെട്ടിയിലെ കൊട്ടിക്കലാശം നോക്കി ചിറി കോട്ടി
പിറാവിന്‍ കുറുകല്‍.
കറിക്കോ അതോ വറക്കാനോ ??
കാറ്റത്തു ആകാശ ഉയരത്തില്‍ തൂവലുകള്‍
ചോരപ്പൂവുകള്‍ കുടല്‍മാലകള്‍
കറിപ്പാകത്തിന് കഷ്ണിച്ച് കരിങ്കൂടില്‍
പൊതിഞ്ഞ കൂട്ടുകാരന്‍റെ ജഡം
കുഴിക്കാലായില്‍ ചിക്കന്‍ സെന്‍ററില്‍
അരിപ്രാവുകളോണ്ട്
കറുത്തതും വെളുത്തതുമല്ലാത്ത എനങ്ങൾ...

Saturday, August 1, 2009

കനലില്‍ തിരഞ്ഞത്....(1999)

നീ - രാത്രിയിലെ മഞ്ഞ്.
ഒരു പകലിനെ മുഴുവന്‍ മോഹിപ്പിച്ചത്‌ എന്തിനായിരുന്നു?
എരിഞ്ഞു തീര്‍ന്ന പകലിനു ഉറഞ്ഞു പോയ,
സ്വപ്‌നങ്ങള്‍ മാത്രം ബാക്കി..
നീ - പെയ്തു തോരാത്ത മഴയായിരുന്നു അവന്..
ഉച്ച സൂര്യന്റെ കൊടുംജ്വലകളില്‍ ഉരുകാന്‍; പക്ഷെ
നീ അവനെ തനിച്ചാക്കിയെന്നോ?
പ്രണയം കൊഴുക്കാന്‍ ലിഖിതങ്ങള്‍ക്ക്
ചോരയുടെ ചുവപ്പ് നീ നല്കി..
പഴകിയാല്‍ അത് കറയായി പോകുമെന്ന്
അവന്‍ ഓര്‍ത്തു കാണില്ല..
നീ - ഒരു നിശാപുഷ്പം.
ആ ഇതളുകള്‍ വിരിയുന്നതും കാത്ത്
ഉറക്കമിളച്ചിരുന്ന അവന്‍റെ കണ്ണില്‍ പ്രതീക്ഷയുടെ
തിളക്കം ഞാന്‍ കണ്ടിരുന്നു..
പക്ഷെ പാതിമാത്രം വിടര്‍ന്ന ദലങ്ങളില്‍ നിന്നെ മാത്രം കണ്ടില്ല;അവന്‍
മുഖം മറച്ചതു കരയാന്‍ വേണ്ടി ആയിരുന്നു..
അവന്‍ - നിലമറന്ന്ആടി ആഴിതീന്ടിയ പെരില്ലാതെയ്യം
പാദം വെന്ത് പടിയിറങ്ങിപ്പോയ കോമാളിക്കോലം ..
നീ സ്വാദോടെ തിന്ന ഇറച്ചിക്കഷ്ണം,
ഇടനെഞ്ചിലെ കനലില്‍ അവന്‍ ചുട്ടെടുത്ത തന്റെ ഹൃദയമായിരുന്നു..
അറുത്തെടുത്ത അണിവിരലില്‍ നിന്നും നിന്റെ സ്നേഹസാക്ഷ്യം
അവന്‍ തുടച്ചെടുത്തു...
ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുന ഒറ്റയടിപ്പാതയില്‍
അതിന്റെ തിളക്കം അവന് വെളിച്ചം നല്‍കട്ടെ..

Thursday, July 30, 2009

നസീര്‍ മുന്‍ഷി പാടുകയാണ് (കോളേജ് മാസികയില്‍ പ്രസിദ്ധീകരിച്ചത് - 1999)

നസീര്‍ സിയാവുദീന്‍ മുന്‍ഷി പാടുകയാണ്;
ശ്വാസം നിലക്കാത്ത ഖബറുകളില്‍ ,
പുലരിമഞ്ഞിന്റെ തീഷ്ണതയോടെ ...
ഗസലുകള്‍ ഖവാലികള്‍..
നാളയിലെക്കുള്ള ചുവടുകള്‍ക്കു നിലയില്ലാത്ത പ്രവാസിയുടെ
ചൂഴ്നെടുക്കപ്പെട്ട വഴിത്താരകള്‍...
നസീര്‍ മുന്‍ഷി ശ്രുതിപ്പെട്ടി തേടുകയാണ്:
പകുത്തുപോയ നിഴലുകള്‍ക്ക്‌കു രൂപം മെനെയുവാന്‍
മുന തിരിച്ചു ലക്‍ഷ്യം തിരയുന്ന പീരങ്കികളില്‍
സ്നേഹത്തിന്‍റെ ഹിന്ദോളം നിറയ്കുവാന്‍
ഖരാനകളില്‍ ചിതറിയ മുത്തുകള്‍ കൊരുക്കാന്‍ ..
നസീര്‍ മുന്‍ഷി കാലുറകള്‍ തുന്നുകയാണ്;
കൈവിട്ടുപോയ മൊട്ടക്കുന്നുകള്‍ താണ്ടാന്‍,
ഒന്നിച്ചു നില്‍പ്പിന്‍റെ പുല്‍മേടുകള്‍ തേടാന്‍ ,
നാളെയുടെ ഈണം ചുരത്തുവാന്‍ ,
ആഴത്തില്‍ വീഴ്തപ്പെട്ട മുറിവുകളില്‍ നുഴഞ്ഞു കയറുവാന്‍..
നസീര്‍ സിയവുദ്ദിന്‍ മുന്‍ഷി ഒഴിഞ്ഞ മുളം കുറ്റികള്‍ പെറുക്കുകയാണ് ..
ചെറിയ കൈചെണ്ടകള്‍ പണിത്,
ഹിമം പൊഴിയുന്ന രാത്രികളില്‍
ബധിര കര്‍ണങ്ങളില്‍ കൊടുങ്കാറ്റ് ഉയര്‍ത്തുവാന്‍ ...
നസീര്‍ മുന്‍ഷി ളുഹര്‍ നമസ്കരിക്കുകയാണ്‌ ...
ഇഴകള്‍ പിഞ്ചിയ രോമ തൊപ്പിയില്‍ വര്‍ണനൂലുകള്‍ കാണുന്നില്ല
സാരംഗിയുടെ പൊട്ടിയ കമ്പികളില്‍ ഹംസധ്വനിയുടെ അവരോഹണം..
മലയിടുക്കില്‍ മഞ്ഞുപാളികള്‍ ഉരുകാന്‍ തുടങ്ങിയിരിക്കുന്നു ...
നസീര്‍ സിയവുദീന്‍ മുന്‍ഷി ഇപ്പോള്‍ മിനരങ്ങള്‍ക്കും മുകളിലാണ്
ആകാശത്തേക്ക് ഉയര്‍ത്തിയ കൈകളില്‍ ശ്രുതി ചേര്‍ന്ന ചിത്രവീണ
വിണ്ടുകീറിയ സമതലങ്ങളില്‍ കാറ്റാടിമരങ്ങള്‍ മുളപൊട്ടുന്നു ..
ഇപ്പോള്‍ വിടവുകളെവിടെ ! മതിലുകള്‍ എവിടെ !
" ലബ്ബൈക്കല്ലഹുമ്മ ലബ്ബൈക്ക്
ലബ്ബൈക്കല്ലഹുമ്മ ലബ്ബൈക്ക്